അഹമ്മദാബാദ്: സന്ദര്‍ശക ടീം ആതിഥേയ അസോസിയേഷനോട് പ്രത്യേക നെറ്റ് ബൗളര്‍മാരെ ആവശ്യപ്പെടുന്നത് സാധാരണം. ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്‍, മിസ്റ്ററി സ്പിന്‍ തുടങ്ങിയവയെല്ലാം സന്ദര്‍ശക ടീം ആവശ്യപ്പെടാറുണ്ട്.
എന്നാല്‍, ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തിന് ഒരുങ്ങുന്ന നെതര്‍ലന്‍ഡ്സ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനോട് (ജിസിഎ) ആവശ്യപ്പെട്ടത് അത്യപൂര്‍വമായൊരു കാര്യമായിരുന്നു. ഡച്ച് സംഘത്തിന് ആവശ്യം ഒരു നെറ്റ് ബാറ്ററിനെ, അതും ലെഫ്റ്റ് ഹാന്‍ഡ് ബാറ്റര്തന്നെ വേണം.
ഇന്ത്യക്കെതിരായ ബൗളിംഗ് തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ ആവശ്യം. ടോപ് ഓര്‍ഡറില്‍ നെതര്‍ലന്‍ഡ്സിന് ഇടംകൈ ബാറ്റര്‍മാരില്ല. ഇന്ത്യയുടെ ആദ്യ എട്ടില്‍ ആറും ഇടംകൈയന്മാരാണ് (അഭിഷേക് ശര്‍മ, ഇഷാന് കിഷന്, തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍).
നെതര്‍ലന്‍ഡ്സിന്റെ ആവശ്യം രണ്ടു മണിക്കൂറിനുള്ളില്‍ സാധിച്ചുകൊടുക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്. ഒടുവില്‍ ഗുജറാത്ത് ടീം ക്യാപ്റ്റന്‍ മനന്‍ ഹിംഗ്രാജിയയെ നെറ്റ്സിലേക്ക് പറഞ്ഞയച്ചു. നെതര്‍ലന്‍ഡ്സിന്റെ ബൗളര്‍മാരെ തലങ്ങു വിലങ്ങും പ്രഹരിച്ചായിരുന്നു മനന്റെ മടക്കം.